ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഇന്ത്യയുടെ പശ്ചിമതീരത്ത് കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കാസര്‍ഗോഡ് അതിപുരാതനകാലത്തുതന്നെ പ്രസിദ്ധമായ പ്രദേശമാണ്. കേരളപ്പിറവിയോടനുബന്ധിച്ചാണ് കാസര്‍ഗോഡ് കേരള സംസ്ഥാനത്തിന്റെ ഭാഗമായത്. 1957ല്‍ കാസര്‍ഗോഡ് താലൂക്ക് വിഭജിച്ച് ഹോസ്ദുര്‍ഗ് താലൂക്ക് രൂപം കൊണ്ടു. പഴയ കണ്ണൂര്‍ ജില്ലയിലെ കാസര്‍ഗോഡ്, ഹോസ്ദുര്‍ഗ് താലൂക്കുകളാണ് കാസര്‍ഗോഡ് ജില്ലയായി മാറിയത്. കേരളത്തിന്റെ പതിനാലാമതു ജില്ലയായി 1984ല്‍ ആണ് കാസര്‍ഗോഡ് നിലവില്‍ വന്നത്. 77 കി.മീ കടല്‍തീരമുള്ള കാസര്‍ഗോഡ് ജില്ലയില്‍ 5625 ഹെക്ടര്‍ വനമുള്ളതായി കണക്കാക്കപ്പെടുന്നു. ചന്ദ്രഗിരി, മഞ്ചേശ്വരം, ഉപ്പള, ഷിറിയ, കുമ്പള-എടനാട്, മൊഗ്രാല്‍-കളത്തൂര്‍, കളനാട്-ചട്ടഞ്ചാല്‍, ബേക്കല്‍- കാവിനടുക്ക, ചിത്താരി-കരുടിയ, നീലേശ്വരം-കിനാനൂര്‍- കാര്യങ്കോട്, പാലായി-ചീമേനി എന്നിവയാണ് ജില്ലയിലെ പ്രധാന നദികള്‍. ബേക്കല്‍: കടലിനഭിമുഖമായി സ്ഥിതി ചെയ്യുന്ന പ്രാചീനമായ കോട്ടയാണ് ബേക്കല്‍ കോട്ട. കാസര്‍ഗോഡുനിന്ന് 12 കിലോ മീറ്റര്‍ അകലെയായാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. 1763ല്‍ ഹൈദരാലി ബേക്കല്‍ കോട്ട പിടിച്ചെടുത്തു. 1789ല്‍ ടിപ്പു സുല്‍ത്താനെ തുരത്തി ഈസ്റ്റ് ഇന്ത്യാ കമ്പനി ഈ പ്രദേശം പിടിച്ചെടുക്കുകയുണ്ടായി. കാസര്‍ഗോഡ് ജില്ലയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് ബേക്കല്‍. ബേക്കലില്‍ നിന്ന് 30 കിലോ മീറ്റര്‍ അകലെയുള്ള ദ്വീപാണ് വലിയപറമ്പ്. ഒരു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിത്. ഒമ്പതാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച അനന്തപുരം ക്ഷേത്രം കുമ്പളയില്‍ നിന്ന് 5 കിലോ മീറ്റര്‍ അകലെയാണ്. പ്രസിദ്ധമായ ജലക്ഷേത്രം എന്നറിയപ്പെടുന്ന അനന്തപുരം തിരുവനന്തപുരത്തെ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂല സ്ഥാനമാണെന്ന് വിശ്വസിക്കുന്നു. കാസര്‍ഗോഡു നഗരത്തില്‍ നിന്ന് 6 കിലോ മീറ്റര്‍ അകലെയുള്ള മനോഹരമായ കടല്‍ത്തീരമാണ് കാപ്പില്‍ ബീച്ച്. മദ്രാസ് ഗവണ്‍മെന്റിന്റെ കീഴില്‍ 1914ല്‍ സ്ഥാപിതമായ കാര്‍ഷിക ഗവേഷണാലയം 1970 മുതല്‍ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം എന്ന പേരില്‍ അറിയപ്പെട്ടുതുടങ്ങി. ടി ഡി ആദ്യമായി വികസിപ്പിച്ചത് ഇവിടെയാണ്. കേരളത്തില്‍ പുകയില ഉത്പാദിപ്പിക്കുന്ന അപൂര്‍വ്വം സ്ഥലങ്ങളിലൊന്നാണ് കാസര്‍ഗോഡ്. പള്ളിക്കര, അജാനൂര്‍, പൂഞ്ചാവി തുടങ്ങിയ തീരപ്രദേശങ്ങളിലും കുണിയ, കല്യോട്ട്, പുല്ലൂര്‍-പെരിയ പഞ്ചായത്തുകളിലും പുകയില വന്‍ തോതില്‍ കൃഷി ചെയ്തു വരുന്നു. കശുവണ്ടി, അടയ്ക്ക തുടങ്ങിയവയുടെ ഉത്പാദനത്തിലും ജില്ല മുന്‍പന്തിയിലാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ അടയ്ക്ക, പുകയില, വറ്റല്‍ മുളക് എന്നിവ ഉത്പാദിപ്പിക്കുന്നത് ഈ ജില്ലയിലാണ്. ജില്ലയിലെ ജനസംഖ്യയുടെ മുക്കാല്‍ ഭാഗവും മലയാളികളാണ്. കന്നഡ, തുളു, മറാട്ടി, ഹിന്ദുസ്ഥാനി എന്നീ ഭാഷകള്‍ സംസാരിക്കുന്ന ജനവിഭാഗവും ഇവിടെയുണ്ട്. കേരളത്തിന്റെ വടക്കേയറ്റത്താണ് കുമ്പള. മരുമക്കത്തായം പിന്‍തുടര്‍ന്നിരുന്ന രാജവംശം വിജയനഗരസാമ്രാജ്യത്തിന്റെ ആധിപത്യകാലത്ത് ഈ പ്രദേശങ്ങള്‍ അവരുടെ കീഴിലായി. സ്വാതന്ത്ര്യസമരത്തില്‍ പോരാടി ജയില്‍ വാസം അനുഭവിച്ചവരില്‍ പഞ്ചായത്തിലെ ശങ്കര്‍ ടൈലര്‍, കമലാക്ഷപൈ, സി.ബീറുഷെട്ടി, ഡോ. പി.എസ്.ശാസ്ത്രി ഖണ്ടിഗെ, കൃഷ്ണഭട്ട്, സര്‍പംഗള രാമഭട്ട്, പാണ്ഡെ വൈദ്യ ശങ്കരനാരായണ ഭട്ട് എന്നിവര്‍ പ്രമുഖരാണ്.